മാനസിക സമ്മർദ്ദമില്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ സന്തോഷമായി ഇരിക്കാൻ ശ്രമിച്ചാലും ചിലർക്കെങ്കിലും മാനസികമായി സമ്മർദ്ദം ഉണ്ടാകും. ജോലിക്കാര്യത്തിൽ ആയാലും സ്വകാര്യ ജീവിതത്തിലായാലും പലകാര്യങ്ങളിലും ടെൻഷൻ അടിക്കുന്നവരാണ് കൂടുതലും. മാനസിക സമ്മർദ്ദം കൂടിയാൽ പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ചില കാര്യങ്ങൾ ഉണ്ട്. കുറച്ച് ശ്രദ്ധയും സമയവും നൽകിയാൽ തന്നെ ജീവിതത്തിൽ നിന്നും സമ്മർദ്ദത്തെ ഇല്ലാതാക്കാൻ സാധിക്കും.
ശരീരത്തിനും മനസിനും ഒരുപോലെ വിശ്രമം നൽകുകയാണ് അതിൽ ആദ്യം. മനസിന് അധികം ആയാസം നൽകാതെ എപ്പോഴും സന്തോഷമായി ഇരിക്കാൻ ശ്രദ്ധിക്കുക. മെഡിറ്റേഷൻ അതിന് ഏറ്റവും നല്ല വഴിയാണ്. കുറച്ച് നേരമെങ്കിലും സ്വന്തം മനസ്സിനെ കേൾക്കാനും മനസിലാക്കാനും മെഡിറ്റേഷൻ വഴി സാധിക്കും. ശാന്തമായ സംഗീതം കേൾക്കുകയും അരോചകമായ ശബ്ദങ്ങൾ ഒഴിവാക്കുകയും ചെയ്യുക. മെഡിറ്റേഷനായി ശാന്തമായ ഇഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
ദിവസേനെയുള്ള വ്യായാമം ശരീരത്തെ സംരക്ഷിക്കുന്ന പോലെ തന്നെ മനസിനും ഉണർവ് നൽകാൻ സാധിക്കും. യോഗ, വ്യായാമങ്ങൾ എന്നിവ വഴി ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നൽകാൻ കഴിയും കൂടാതെ നല്ല ഉറക്കത്തിനും ഇവ സഹായിക്കും. അതോടൊപ്പം തന്നെ ശ്വസന വ്യായാമങ്ങൾ ചെയുന്നതും മാനസികസമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കും. നല്ല ഭക്ഷണം നല്ല മാനസികാവസ്ഥ പ്രധാനം ചെയ്യും എന്ന് പറയുന്നത് പോലെ എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും പ്രോട്ടീനുമെല്ലാം ദിവസേനെയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഡാർക്ക് ചോക്ലേറ്റ്, നട്‌സ്, അവക്കാഡോ പോലുള്ളവയിൽ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും ആന്റിഓക്‌സിഡൈസും അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോർമോണുകൾ കൃത്യമായി നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണ രീതി സഹായിക്കും.
മാനസികസമ്മർദ്ദവും പിരിമുറക്കവും കുറയ്‌ക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗം ഇഷ്ടമുള്ള കാര്യങ്ങളോട് നോ പറയാതെ ഇരിക്കുകയാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് കുറച്ച് സമയമെങ്കിലും മാറ്റി വയ്‌ക്കുന്നത് വഴി മാനസികസമ്മർദ്ദം കുറയ്‌ക്കാനും അതിൽ നിന്നും പുറത്ത് വരുവാനും സാധിക്കും. ചിത്രരചന, സംഗീത ഉപകരണങ്ങൾ വായിക്കുക, നൃത്തം, സംഗീതം, വായന എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ താൽപര്യങ്ങൾ ആയിരിക്കും. അവയെല്ലാം ചെയ്യുന്നത് വഴി മാനസിക സന്തോഷം താനെ തേടിവരും. സ്വയം പരിചരണവും ഏറ്റവും വലിയ കാര്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ചർമ്മസംരക്ഷണം പോലുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. ക്യത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക. കൂടാതെ എപ്പോഴും സമൂഹത്തിൽ ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുമായും കുടുംബാഗങ്ങളുമായും ഒരു ബന്ധം നിലനിർത്തുക. അവധി ദിനങ്ങളിലും മറ്റും സമ്മർദ്ദം ചെലുത്തുന്ന കാര്യങ്ങൾ മറന്ന് സ്വയം ജീവിക്കാൻ ശ്രമിക്കുക.
ഇത്തരത്തിലുള്ള നമ്മൾ ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾ നമുക്ക് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നവയാണ്. ഇവ മാനസികസമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.