വീട് ഭംഗിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. തിരക്ക് പിടിച്ച ജീവിതവും ജോലി തിരക്കും കാരണം എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല. എന്നാൽ, ഇങ്ങനെയുള്ളവർക്ക് ചില പൊടിക്കൈകൾ ഉപയോഗിച്ച് വീട് ഭംഗിയായി സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിലെ ചില ട്രിക്കുകൾ നോക്കാം…
അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. എപ്പോഴും ഫ്രിഡ്ജിനകത്ത് നിന്നും ദുർഗന്ധം വമിക്കാതിരിക്കാൻ ചെറിയൊരു കാര്യം ചെയ്താൽ മതി. ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു കൊടുക്കുക, ശേഷം ഒരു ടീസ്പൂൺ അളവിൽ കംഫർട്ടും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ ലിക്വിഡ് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും നന്നായി തുടച്ചുകൊടുക്കുക. ശേഷം ഫ്രിഡ്ജിനകത്ത് ട്രേ വരുന്ന ഭാഗങ്ങളിൽ ചെറിയ തുണി കഷണങ്ങൾ വിരിച്ച് കൊടുക്കുകയാണെങ്കിൽ എപ്പോഴും വൃത്തിയായും സുഗന്ധത്തോടെയും നിലനിൽക്കും..
രണ്ട് ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. അതുപോലെ, ഫ്രീസറിൽ കെട്ടിക്കിടക്കുന്ന ഐസ് എളുപ്പത്തിൽ അലിയിച്ചു കളയാനായി ഒരു അരിപ്പയിൽ അല്പം ഉപ്പ് എടുത്ത് രാത്രി ഫ്രീസറിനകത്ത് വച്ചാൽ മതി. രാവിലെ ആകുമ്പോൾ ഐസ് എളുപ്പത്തിൽ അലിഞ്ഞിരിക്കുന്നത് കാണാം.
അടുക്കളയിൽ സൂക്ഷിക്കുന്ന ജീരകവും, പെരും ജീരകവുമെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി നല്ല വെയിലുള്ള സമയത്ത് ഒരു പേപ്പറിൽ അവയിട്ട് നല്ലതുപോലെ ഉണക്കിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇത്തരം സാധനങ്ങൾ
സൂക്ഷിക്കുന്ന പാത്രങ്ങളിൽ കുറച്ച് ഗ്രാമ്പു ഇട്ടു വച്ചാലും ഇവ കേടാകാതിരിക്കും. തേങ്ങ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി മുറിച്ച ശേഷം ചിരട്ടയോട് ചേർന്നിരിക്കുന്ന ഭാഗങ്ങളിൽ അല്പം ഉപ്പ് തേച്ചു കൊടുക്കുന്നത് നല്ലതാണ്.