അടുത്ത വർഷത്തേക്ക് കാലുവെക്കാൻ ഇനി ഒരു മാസം കൂടി നിലനിൽക്കെ ആകർഷകമായ ഓഫറുകളാണ് ബാങ്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഉത്സവകാല ഓഫറുകളുമായി ബന്ധപ്പെട്ട് ഇതിൽ മിക്ക ഓഫറുകളും നൽകുന്നത് ഡിസംബർ വരെയാണ്. 8.65 ശതമാനം മുതൽ പലിശ നിരക്കിൽ ബാങ്കുകൾ വായ്പകൾ നൽകുന്നുണ്ട്. വിവിധ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും കാർ വായ്പ നിരക്കുകൾ ഏതെല്ലാമെന്ന് നോക്കാം…
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നത്. 8.65 ശതമാനം മുതൽ 9.70 ശതമാനം വരെയാണ് നിലവിൽ നൽകുന്ന പലിശ നിരക്ക്. ആകർഷകമായ ഓഫറുകൾ അനുസരിച്ച് ജനുവരി 31 വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നില്ല എന്നതാണ് പ്രധാന ആകർഷണം. ഓൺ-റോഡ് വിലയുടെ 90 ശതമാനം വരെയും വായ്പയായി ലഭിക്കും.
ഫ്‌ളെക്‌സിയായ ഇഎംഐ ഓപ്ഷനും എസ്ബിഐ നൽകുന്നുണ്ട്. രണ്ട് ഓപ്ഷനുകളാണ് ഇതിൽ പ്രധാനമായും ഉള്ളത്. 36 മാസ കാലാവധിയുള്ള വായ്പകൾക്ക് ആദ്യത്തെ ആറ് മാസം റഗുലർ ഇഎംഐയുടെ പകുതി നൽകുന്നതാണ്. രണ്ടാമത്തേതിൽ 60 മാസ കാലാവധിയുള്ള വായ്പകൾക്ക് ആദ്യ ആറ് മാസം റഗുലർ ഇഎംഐയുടെ 50 ശതമാനവും പിന്നീടുള്ള ആറ് മാസം റഗുലർ ഇഎംഐയുടെ 75 ശതമാനവും അടച്ചാൽ മതിയാകും. ഇലക്ട്രിക് കാറുകൾക്ക് 8.65 ശതമാനം മുതൽ 9.35 ശതമാനം വരെയാണ് പലിശ നിരക്ക്.
മറ്റ് പൊതുമേഖല ബാങ്കുകൾ
പഞ്ചാബ് നാഷണൽ ബാങ്ക് 8.75 ശതമാനം മുതൽ 9.60 ശതമാനം വരെ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. നിലവിൽ വായ്പാ തുകയുടെ 0.25 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസ്. എക്‌സ്‌ഷോറും വിലയുടെ 100 ശതമാനം വരെ വായ്പ നൽകുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 120 മാസം വരെയും മറ്റുള്ള വാഹനങ്ങൾക്ക് 84 മാസം വരെയും തിരിച്ചടവ് കാലാവധി.
ബാങ്ക് ഓഫ് ബറോഡ 8.70 ശതമാനം മുതൽ 12.10 ശതമാനം വരെയാണ് വാഹനവായ്പകൾക്ക് പലിശ ഈടാക്കുന്നത്. നിലവിൽ 500 രൂപ വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 8.75 ശതമാനം മുതൽ11.80 ശതമാനം വരെയാണ് പലിശ നിരക്ക്. 8.70 മുതൽ 11.95 ശതമാനം വരെയാണ് കാനറ ബാങ്ക് വാഹനവായ്പകൾക്ക് പലിശ ഈടാക്കുന്നത്. ഡിസംബർ 31 വരെ വായ്പകളുടെ പ്രോസസിംഗ് ചാർജ് കാനറ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 9.05 ശതമാനം മുതൽ 11.95 ആണ് പലിശ നിരക്ക്.
സ്വകാര്യ ബാങ്കുകൾ
എച്ച്ഡിഎഫ്‌സി ബാങ്കും ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും 8.75 ശതമാനം മുതൽ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നുണ്ട്. എന്നാൽ ഐസിഐസിഐ ബാങ്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും 9 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. ഫെഡറൽ ബാങ്ക് എക്സ്ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ നൽകുന്നുണ്ട്. വായ്പയെടുക്കുന്ന വ്യക്തിയ്‌ക്ക് 10 ലക്ഷം വരെ ആക്‌സിഡന്റ് ഇൻഷുറൻസും ബാങ്ക് നൽകുന്നു.















