മെറ്റ പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്‌റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ. വ്യക്തതയില്ലാത്ത കാരണങ്ങൾ ചുമത്തിയാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആഭ്യന്തര മന്ത്രാലയവും സ്റ്റോണിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ എന്താണെന്നോ അന്വേഷണത്തിന്റെ വിശദാംശങ്ങളോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 2022 ലെ യുക്രെയ്ൻ യുദ്ധത്തോടെ റഷ്യ രാജ്യത്ത് സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക് കല്പിച്ചിരുന്നു. ഒക്ടോബറോടെ മെറ്റയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. മെറ്റ റഷ്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്നായിരുന്നു ആരോപണം. റഷ്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പോസ്റ്റുകൾ പങ്കു വച്ചിട്ടും മെറ്റ നടപടി എടുത്തില്ലെന്നായിരുന്നു ആരോപണം. ഇതിൽ മെറ്റയുടെ വക്താവായ ആൻഡി സ്റ്റോണിന് പങ്കുള്ളതായി ആരോപിച്ചാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ക്രിമിനൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയിൽ കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയത്. നേരത്തെ റഷ്യയിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയ യു.എസ് പൗരൻമാരുടെ പട്ടികയിൽ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗും ഉൾപ്പെട്ടിരുന്നു.















