വിനീതിനെ ആദ്യമായി സിനിമയിൽ അഭിനയിപ്പിക്കുമ്പോൾ ശ്രീനിവാസന് ഒരുപാട് ഉത്കണ്ഠ ഉണ്ടായിരുന്നെന്നും എന്നാൽ സീൻ കാണിച്ച് കൊടുത്തപ്പോൾ സമാധാനമായെന്നും ജോണി ആന്റണി. വിനീതിനെ താൻ കൊണ്ടുവന്നില്ലെങ്കിലും നടനാകുമെന്നും അത് വിധിച്ചത് തനിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു സൈക്കിൾ എന്ന സിനിമയെപ്പറ്റി ജോണി ആന്റണി മനസ് തുറന്നത്.
‘വിനീത് നല്ല ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. വിനീതിനെ പടത്തിലേക്ക് എടുക്കുമ്പോൾ ആദ്യം ഞാൻ ശ്രീനിയേട്ടനോട് സംസാരിച്ചു. അദ്ദേഹം എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞു, കണ്ടു. അവർക്ക് ഉത്കണ്ഠയുണ്ടായിരുന്നു. നടനും സംവിധായകനുമായ ശ്രീനിവാസനായിട്ടല്ല അച്ഛനായിട്ടാണ് ഞാൻ വിളിച്ചിരിക്കുന്നത്. ജോണി ഇതിനു മുന്നേ ചെയ്ത പടങ്ങളൊക്കെ മമ്മൂക്കയൊക്കെ വെച്ചിട്ടല്ലേ ചെയ്തിരുന്നത്, അവർ വലിയ ആർട്ടിസ്റ്റുകളാണ്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടില്ലല്ലോ.. എന്ന് ശ്രീനിയേട്ടൻ എന്നോട് ചോദിച്ചു.
പിന്നീട് ശ്രീനി കണ്ണൂര് വന്നപ്പോൾ ഞാൻ എടുത്ത സീനൊക്കെ കട്ട് ചെയ്തു കാണിച്ചിരുന്നു. വിനീതനെ കൊണ്ട് നിങ്ങൾ നന്നായി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് പുള്ളി പറഞ്ഞു. അത് പിന്നീട് ഒരുപാട് ഗുണകരമായി. ഒരച്ഛൻ കാണിക്കുന്ന ഉത്കണ്ഠ അത് അദ്ദേഹം കാണിച്ചിട്ടുണ്ട്. സിനിമ വലിയ മോശമായില്ല, എല്ലാവരും നല്ലത് പറഞ്ഞ ഒരു സിനിമയാണ്. വിനീതിനെ ഞാൻ കൊണ്ടുവന്നിട്ടില്ലെങ്കിലും അവൻ നടനാകും. എനിക്കായിരുന്നു അത് വിധിച്ചതെന്ന് മാത്രം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.’- ജോണി ആന്റണി പറഞ്ഞു.