തിരുവനന്തപുരം: ഓസ്‌ട്രേലിയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് വിജയം. 236 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമേ സാധിച്ചൊള്ളു. 44 റൺസിനായിരുന്നു സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വിജയം. ബാറ്റിംഗിലെയും ബൗളിംഗിലെയും മികച്ച പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് പിന്നിലെ നിർണായക ശക്തി. ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റുകൾ വീതം നേടി. ഇന്നത്തെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2 വിജയങ്ങൾക്ക് ഓസീസിന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
പവർപ്ലേ പൂർത്തിയാവും മുമ്പ് തന്നെ ഓസീസ് തോൽവി സമ്മതിച്ചിരുന്നു. 3 വിക്കറ്റുകളാണ് 53 റൺസെടുക്കുന്നതിനിടെ ഓസീസിന് നഷ്ടമായത്. മാത്യു ഷോർട്ട് (19), ജോഷ് ഇൻഗ്ലിസ് (2), ഗ്ലെൻ മാക്സ്വെൽ (12) എന്നിവർക്ക് ഓസീസ് നിരയിൽ തിളങ്ങാനായില്ല. രവി ബിഷ്‌ണോയിയാണ് ഷോർട്ടിനേയും ഇൻഗ്ലിസിനേയും കൂടാരം കയറ്റിയത്. മാക്സ്വെല്ലിനെ അക്സർ പട്ടേലും പുറത്താക്കി. എട്ടാം ഓവറിൽ സ്റ്റീവൻ സ്മിത്തും (19) മടങ്ങി. ഇതോടെ നാലിന് 58 എന്ന നിലയിലായി ഓസീസ്. പിന്നീട് മാർകസ് സ്റ്റോയിനിസ് (45) ടിം ഡേവിഡ് (37) സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഡേവിഡിനെ കൂടാരം കയറ്റി രവി ബിഷണോയ് ഈ കൂട്ടുകെട്ട് പോളിച്ചത്. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ആർക്കും രണ്ടക്കം കടക്കാനായില്ല. സീൻ അബോട്ട് (1), നതാൻ എല്ലിസ് (1), ആദം സാംപ (1) എന്നിവർ വന്നത് പോലെ തന്നെ മടങ്ങി. ക്യാപ്റ്റൻ മാത്യു വെയ്ഡിനും (42) ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ മാത്രമാണ് സഹായിച്ചത്. തൻവീർ സംഗ രണ്ട് റൺസുമായി പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണർ യശസ്വി ജയ്‌സ്വാൾ അർദ്ധശതകം കുറിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. 53 റൺസുമായി താരം കൂടാരം കയറുമ്പോൾ സ്‌കോർ ബോർഡിൽ 77 റൺസായിരുന്നു ഇന്ത്യയ്‌ക്ക്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാൻ കിഷൻ സഖ്യം അപകടകാരിയായതോടെ ഓസീസ് ബൗളർമാർ വിയർത്തു. എന്നാൽ അർദ്ധ സെഞ്ച്വറി(52) നേടിയതോടെ മാർക്കസ് സ്റ്റോയ്‌നിസ് കിഷനെ കൂടാരം കയറ്റി. രണ്ടാം വിക്കറ്റിൽ ഋതുരാജിനൊപ്പം 87 റൺസ് ചേർത്ത ശേഷമാണ് കിഷൻ മടങ്ങിയത്. നായകൻ സൂര്യ കുമാർ യാദവ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങി. പിന്നാലെ ഇറങ്ങിയ റിങ്കു സിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. ഋതുരാജ് ഗെയ്ക്വാദ് (58), റിങ്കു സിംഗ് (31) എന്നിവർ പുറത്താകാതെ നിന്നു.