ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ നാലാം ദിവസത്തിലേക്ക്. ഇന്നലെ 14 ഇസ്രായേലി പൗരന്മാരേയും മൂന്ന് തായ് പൗരന്മാരേയും ഹമാസ് മോചിപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്ത് വിട്ട പട്ടിക പ്രകാരം ഒമ്പത് കുട്ടികളും നാല് സ്ത്രീകളുമാണ് ഈ സംഘത്തിലുള്ളത്. ഗാസ മുനമ്പിനും ഈജിപ്തിനുമിടയിലുള്ള റഫ ക്രോസിംഗിലേക്ക് എത്തിച്ച ശേഷമാണ് ഇവരെ കൈമാറിയത്. വിട്ടയയ്‌ക്കപ്പെട്ടവരിൽ 13 പേർ ഇസ്രായേലിൽ തിരിച്ച് എത്തിയെന്നും മറ്റുള്ളവർ ഇവിടേക്കുള്ള യാത്രയിലാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
അതേസമയം ഇസ്രായേൽ ജയിലിൽ തടവിൽ കഴിയുന്ന 39 പാലസ്തീനികളെ ജയിലിൽ നിന്ന് മോചിപ്പിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു. വെടിനിർത്തലിന്റെ മൂന്നാം ദിവസമാണ് ഇവരെ കൈമാറിയത്. കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ചവർക്ക് പകരമായിട്ടാണ് ഇസ്രായേലും ഇവരെ മോചിപ്പിച്ചതെന്നും മജീദ് പറയുന്നു.
വെടിനിർത്തൽ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 50 ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇരുകൂട്ടരും തമ്മിലുള്ള കരാർ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാവുകയാണെങ്കിൽ വെടിനിർത്തൽ കൂടുതൽ ദിവസം നീട്ടുമെന്ന് കരാറിൽ പറയുന്നു. എന്നാൽ ഹമാസ് കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കാൻ തയ്യാറാകുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.