ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി എല്ലാ വിഷയങ്ങളിലും പാഠ്യപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിക്കും.
ഫലപ്രാപ്തിയിൽ അധിഷ്ഠിതമായിരിക്കും സിലബസ്. ഓരോ വർഷവും കാലാനുസൃതമായി മാറ്റങ്ങൾ ഉൾപ്പെടുത്തും. ഇതിനായി സിലബസ് 20 ശതമാനം പരിഷ്കരിക്കും. പരീക്ഷ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും കേരളയും നടപ്പാക്കും. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമിക പഠനമാകും നടക്കുക. തുടർന്നുള്ള വർഷങ്ങളിലാകും വിശദപഠനം. ഈ സെമസ്റ്ററുകളിലെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പേപ്പറുകൾ സർവകലാശാല നൽകും. രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങളാകും എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് സിലബസ് പരിഷ്കരിക്കുക.
ദേശീയ വിദ്യാഭ്യാസ നയം; അടിമുടി മാറ്റത്തിനൊരുങ്ങി എംജി സർവകലാശാല; നാലുവർഷ ബിരുദം നടപ്പാക്കിയാൽ..
ഓരോ വിഷയത്തിലും നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ രാജ്യാന്തര തലത്തിലെ അക്കാദമിക് വിദഗ്ധരെ ഓൺലൈൻ ആയോ നേരിട്ടോ ശിൽപശാലയിൽ പങ്കെടുപ്പിക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് അദ്ധ്യക്ഷർക്ക് സർവകലാശാല നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിലിന് മുൻപായി മുഴുവൻ അദ്ധ്യാപകർക്കും പുതിയ സിലബസിൽ ദ്വിദിന പരിശീലനം ഉറപ്പാക്കും. തുടർന്നുള്ള സംശയനിവാരണത്തിന് സർവകലാശാല തലത്തിൽ ഓൺലൈൻ സഹായകേന്ദ്രം ആരംഭിക്കും. ജൂൺ–ജൂലൈ മാസത്തിൽ പുതിയ സിലബസ് പ്രകാരം നാല് വർഷ യുജി കോഴ്സുകൾക്ക് തുടക്കമാകും.















