തിരുവനന്തപുരം: പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകൾ വെട്ടി കുറച്ചു. ഈ വർഷത്തെ സർക്കാർ സ്‌കൂളുകളിലെ നിയമനത്തെയാണ് ഇത് ബാധിക്കുക.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിലവിൽ 3.7 മീറ്റർ ഉയരമാണ് സ്‌കൂൾ കെട്ടിടങ്ങൾക്ക് വേണ്ടത്. ക്ലാസ് മുറികളിലെ വായു സഞ്ചാരം, ചൂടിന്റെ ക്രമീകരണം എന്നിവ കണക്കിലെടുത്താണ് ഈ അളവ്. എന്നാൽ കിഫ്ബി വഴി നിർമ്മിച്ച കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ അത് 10 സെന്റീമീറ്റർ വരെ കുറഞ്ഞതായി കണ്ടെത്തി. ഇതോടെയാണ് അധികാരികൾ അദ്ധ്യാപക തസ്തികകൾ കുറച്ചത്. നിലത്ത് ടൈൽ പാകിയതും മുറികളിലെ മറ്റു ക്രമീകരണങ്ങളും കാരണവുമാണ് അളവിലെ വ്യത്യാസത്തിന് കാരണമെന്ന് സ്‌കൂൾ അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധം കനത്തതോടെ 2022 നവംബർ 16-ന് ശേഷം നിർമിച്ച കെട്ടിടങ്ങൾക്ക് ഇളവ് നൽകിയെങ്കിലും അത് നിലവിലെ തസ്തികകൾക്ക് മാത്രമേ ബാധകമാവു. പുതിയ അദ്ധ്യാപക നിയമനങ്ങൾ നടത്താൻ ഈ ഇളവ് വഴി കഴിയില്ല.
സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്, അദ്ധ്യയനവർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം എന്നിവയാണ് അദ്ധ്യാപക തസ്തിക നിർണയത്തിന് സർക്കാർ പരിഗണിക്കുന്നത്.