ഹൈദരാബാദ്: ജനങ്ങൾ ടവറിന് മുകളിൽ കയറിയതിനെ തുടർന്ന് പ്രസംഗം താത്ക്കാലികമായി നിർത്തിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നിർമ്മലിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംഭവം. ടവറിന് മുകളിൽ കയറി നിന്ന ജനങ്ങളോടായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. മുകളിൽ നിന്ന് ആളുകളോട് നിലത്തിറങ്ങാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, അവർ താഴെ വീണേക്കാമെന്ന ആശങ്കയും മൈക്കിലൂടെ പങ്കുവച്ചു.
‘ടവറിന് മുകളിൽ നിന്ന് ദയവായി നിലത്തിറങ്ങൂ. മുകളിൽ നിൽക്കുന്ന ആരെങ്കിലും വീണാൽ അത് തനിക്ക് വളരെയധികം വിഷമമുണ്ടാക്കും. ദയവ് ചെയ്ത് നിലത്തിറങ്ങുക. നിങ്ങളുടെ സ്‌നേഹം ഞാൻ മനസിലാക്കുന്നു. ഇത്രയും തിരക്കിനിടയിൽ നിങ്ങൾക്ക് എന്നെ കാണാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്. എന്നാൽ എന്റെ ഹൃദയത്തിന്റെ ശബ്ദം നിങ്ങളിലേക്ക് എത്തുന്നതായിരിക്കും’ പ്രധാനമന്ത്രി പറഞ്ഞു.
നവംബർ 11-ന് ഹൈദരാബാദിൽ നടന്ന റാലിക്കിടെയിലും സമാനമായ സംഭവം നടന്നിരുന്നു. പ്രധാനമന്ത്രിയെ കാണുന്നതിനായി ജനക്കൂട്ടത്തിനിടയിൽ നിന്ന ത്രിവർണ പതാകയുമേന്തി ഒരു പെൺകുട്ടി ടവറിന് മുകളിൽ കയറി നിന്നു. അന്നും ഇത്തരത്തിൽ ടവറിന് മുകളിൽ നിന്ന് നിലത്തിറങ്ങാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും പ്രസംഗം താത്ക്കാലികമായി നിർത്തിവക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം ദയവായി താഴെയിറങ്ങൂവെന്നും താൻ നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്നും അദ്ദേഹം പെൺകുട്ടിയോട് പറഞ്ഞു. ഈ സംഭവം സമൂഹമാദ്ധ്യമങ്ങളിലും മറ്റും വളരെയധികം ശ്രദ്ധ നേടിയിരുന്നു.















