എറണാകുളം: കുസാറ്റ് ടെക് ഫെസ്റ്റിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. കോളേജ് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്ത് വന്നത്. പരിപാടിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപകടത്തിന്റെ തലേദിവസം പ്രിൻസിപ്പൽ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
കുസാറ്റിൽ നടന്നുവരുന്ന ടെക് ഫെസ്റ്റിന്റെ സമാപനദിനത്തിൽ പുറത്ത് നിന്നുള്ളവരും പങ്കെടുക്കുമെന്നതിനാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പോലീസ് സംരക്ഷണം ആവശ്യമാണെന്നാണ് കത്തിൽ പറയുന്നത്. ആറ് മണിക്ക് ശേഷമുള്ള രണ്ട് പരിപാടികൾക്കാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.
കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ വിദ്യാർത്ഥികളെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ ടീമിന്റെ സേവനം ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.















