ജോഷി-ജോജു കൂട്ടുക്കെട്ടിൽ വരുന്ന ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറക്കി. ജോർജു ജോർജിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതേ ടീം ഒന്നിക്കുന്ന ‘ആന്റണി’ തിയേറ്ററുകളിൽ ആവേശം തീർക്കുമെന്ന് ഉറപ്പാണ്. ജോജുവിനൊപ്പം ചെമ്പൻ വിനോദും നൈല ഉഷയും വിജയ രാഘവും അടങ്ങുന്ന പൊറിഞ്ചു മറിയം ജോസ് ടീം ഒന്നിക്കുന്നതിനാൽ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ആശാ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആക്ഷനും ത്രില്ലറിനുമൊപ്പം കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘ആന്റണി’ എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. ആക്ഷനും ഇമോഷനും കൂടികലർന്ന ചിത്രം ഡിസംബർ 1-ന് തിയേറ്ററുകളിലെത്തും.
നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ൻമെന്റ് എന്നിവയോടൊപ്പം ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളുമാണ് ആന്റണി നിർമ്മിക്കുന്നത്. ഛായാഗ്രഹണം-രണദിവെ, ചിത്രസംയോജനം-ശ്യാം ശശിധരൻ, സംഗീതം-ജേക്സ് ബിജോയ്, ആക്ഷൻ ഡയറക്ടർ-രാജശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.















