തെന്നിന്ത്യൻ സിനിമയിൽ താരപുത്രൻമാർ അരങ്ങേറ്റം കുറിക്കുന്ന കാലമാണിത്. ഇക്കൂട്ടത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മകൻ സൂര്യയുമുണ്ട്. നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സൂര്യ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആദ്യ ചിത്രങ്ങൾ പിതാവിനൊപ്പമായിരുന്നു സൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ പ്രശസ്ത സ്റ്റണ്ട് സംവിധായകൻ അനൽ അരസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരപുത്രൻ.
ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ശേഷം സൂര്യ മാദ്ധ്യമങ്ങളുമായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നായകനായി അഭിനയിക്കുന്നതിനെ കുറിച്ച് പിതാവിന്റെ പ്രതികരണം എന്തായിരുന്നു എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.
‘ അച്ഛന്റെ രീതികൾ വേറെ എന്റെ രീതികൾ വേറെ, അതുകൊണ്ടാണ് ഞാൻ നായകനാകുന്ന പുതിയ ചിത്രത്തിൽ എന്റെ പേര് സൂര്യ എന്ന് മാത്രമായി നൽകിയത്. എനിക്ക് വേണമെങ്കിൽ സൂര്യ വിജയ് സേതുപതി എന്ന് ചേർക്കാം.. അച്ഛന്റെ പേരിൽ കിട്ടുന്ന പ്രശസ്തി തനിക്ക് ആവശ്യമില്ലെന്നായിരുന്നു സൂര്യ പ്രതികരിച്ചത്’.
അച്ഛനും അമ്മയ്‌ക്കും ഒരുപാട് സന്തോഷമായി. എന്നാൽ ഞാൻ സിനിമയുടെ വിശേഷങ്ങളൊന്നും അദ്ദേഹവുമായി പങ്കുവെച്ചിരുന്നില്ല. അദ്ദേഹത്തെ വിളിച്ച് എനിക്ക് ചെറുതായി പേടി തോന്നുന്നു എന്ന് മാത്രം പറഞ്ഞു. അതൊന്നും സാരമില്ല എന്തുവന്നാലും ധൈര്യമായി ചെയ്യൂ എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകളെന്നും സൂര്യ പറഞ്ഞു.
ഫീനിക്‌സ് വീഴൻ എന്നാണ് സൂര്യ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന്റെ പേര്. പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം ഒരു ആക്ഷൻ ഡ്രാമയായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും ചിത്രത്തിന്റെ സംവിധായകൻ അനൽ അരസു പറഞ്ഞു. ചെന്നൈ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.