യാത്രകള്‍ എന്നാൽ പലര്‍ക്കും ഒരു ലഹരിയാണ്, തിരക്ക് നിറഞ്ഞ ജീവിതത്തില്‍ മാറി എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.. പലപ്പോഴായി മാറ്റിവച്ച നിങ്ങളുടെ യാത്രാസ്വപനങ്ങളെ യാഥാർത്ഥ്യമാക്കാൻ, കുറഞ്ഞ നിരക്കില്‍ യാത്ര പോകാൻ നല്ല അവസരങ്ങൾ ഒരുക്കുകയാണ് റെയിൽവേ..
ഭാരതത്തിന്റെ പൈത്യകവും ചരിത്രപരമായ സ്ഥലങ്ങളെയും അടുത്തറിയാൻ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രയിന്‍ എന്ന പദ്ധതിയിൽ ഉള്‍പ്പെടുന്ന പാക്കേജാണ് ‘കൊല്‍ക്കത്ത ഗംഗാസാഗര്‍ പുരി യാത്ര’. ആഗ്രയില്‍ നിന്ന് ആരംഭിച്ച് എട്ടോളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്ന പാക്കേജിനെ കുറിച്ച് അറിയാം..
ഡിസംബര്‍ നാലിന് ആരംഭിക്കുന്ന യാത്ര അയോദ്ധ്യ, ബൈദ്ധ്യനാഥ്, ഗംഗാസാഗര്‍, ഗയ, കൊല്‍ക്കത്ത, കൊണാര്‍ക്, പുരി, വാരാണസി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നു. 9 രാത്രികളും, 10 പകലുകളും നീളുന്നതാണ് ഈ യാത്ര. 3 എസി ക്ലാസ് (സ്റ്റാന്‍ഡേര്‍ഡ്) 2 എസി ക്ലാസ് (കംഫര്‍ട്ട്), നോണ്‍ എസി സ്ലീപ്പര്‍ (എക്കണോമി) എന്നിവയിൽ ഏതുവേണമെങ്കിലും യാത്രക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ട്രയിന്‍ ടിക്കറ്റ്, ഭക്ഷണം, താമസം, ഗതാഗതച്ചെലവ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജാണ് കൊല്‍ക്കത്ത ഗംഗാസാഗര്‍ പുരി യാത്ര.
എക്കണോമി സീറ്റിംഗ് തിരഞ്ഞെടുക്കുന്ന മുതിര്‍ന്നവര്‍ക്ക് 17,500 രൂപയും കുട്ടികള്‍ക്ക് 16,400 രൂപയുമാണ്. സ്റ്റാന്‍ഡേര്‍ഡ് സീറ്റിംഗില്‍ ഇത് 28,350 രൂപയും 27,010 രൂപയുമാകുന്നു. കംഫര്‍ട്ട് സീറ്റിംഗില്‍ ബുക്ക് ചെയ്യാൻ മുതിര്‍ന്നവര്‍ക്ക് 37,300 രൂപയും കുട്ടികള്‍ക്ക് 35,710 രൂപയും നിരക്ക് വരുന്നത്. നിലവില്‍ 767 സീറ്റുകളാണ് ട്രെയിനിലുള്ളത്. ഇതില്‍ 648 എക്കണോമിയും 70 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 49 കംഫര്‍ട്ട് സീറ്റുകളും ഉള്‍പ്പെടുന്നു.