മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് അടിച്ചേൽപ്പിക്കലാണെന്ന് നടൻ കൊല്ലം തുളസി. കേരളത്തിന് സമ്പത്ത് വരുന്ന എല്ലാ സ്രോതസുകളും പിണറായി സർക്കാർ അടച്ചുവെന്നും പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന് പണമില്ലെന്നും കൊല്ലം തുളസി തുറന്നടിച്ചു. കമ്യൂണിസ്റ്റു പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഒരു തവണകൂടി അധികാരത്തിൽ വന്നാൽ ഇടതുപക്ഷ ചിന്താഗതിയടക്കം ഇല്ലാതായിക്കോളുമെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി വിമർശിച്ചു. തന്റെ മനസ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
‘പിണറായി വിജയന്റേത് അടിച്ചേൽപ്പിക്കൽ. ആദ്യ തവണ ഭരണത്തിൽ വന്നപ്പോൾ ഇത്രയും ഇല്ലായിരുന്നു. മൂന്നാം തവണയും ഇവർ തന്നെ വരണമെന്നുള്ള ആഗ്രഹക്കാരനാണ് ഞാൻ. അതോടു കൂടി ഇതങ്ങ് തീരും. എന്നെ പോലെ ചിന്തിക്കുന്നവർ നിരവധി പേരുണ്ട്. അഞ്ച് വർഷം കൂടി സഹിച്ചാൽ ഈ ഒരു അദ്ധ്യായം കൂടി തീരുമല്ലോ. പാർട്ടി മാത്രമല്ല, ഇടതുപക്ഷ ചിന്താഗതിയും ഇടതുപക്ഷ ഭരണവും അവസാനിക്കും. മുൻസിപ്പൽ സർവീസിൽ ജോലി ചെയ്യുമ്പോൾ ഇടുപക്ഷ ചിന്താഗതിയുള്ള സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ് ഞാൻ. അവസാനം അവരുമായി യോജിക്കാതെ വന്നു. അവരുടെ തെറ്റായ നടപടികൾ കൊണ്ടും ആക്രമണങ്ങൾ കൊണ്ടും എനിക്ക് ഒതുങ്ങി കഴിയേണ്ടതായി വന്നു’.
‘ട്രേഡ് യൂണിയൻ നേതാക്കന്മാർ ആരും ജോലി ചെയ്യില്ല. പണം പിരിക്കുക, രാഷ്ട്രീയം കളിക്കുക എന്നത് മാത്രമാണ് അവർ ചെയ്യുന്നത്. അതിനെ ഞാൻ എതിർത്തു. ഭീമൻ രഘു എന്തൊക്കെയാണ് കാണിക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേർന്നു, അവർക്കും അദ്ദേഹത്തെ വേണ്ട. ഞാൻ ബിജെപിയിൽ അംഗമൊന്നുമല്ല. പക്ഷെ, എന്റെ മനസ് എപ്പോഴും മോദിക്കൊപ്പമാണ്. അദ്ദേഹം മഹാനായ മനുഷ്യനാണ്. അതിന് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മരണം വരെ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും’.
‘നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി വന്നതുകൊണ്ട് ഇന്ത്യ എന്ന രാജ്യം ലോകത്തിന് മുന്നിൽ ഉയർന്നു. സിംഹം ജനിക്കുന്നത് തന്നെ ജയിക്കാനാണ്. നരേന്ദ്രമോദി എന്ന മനുഷ്യൻ സാധാരണക്കാർക്ക് വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ്. കേരളത്തിൽ സിപിഎമ്മിന് തന്നെ വീണ്ടും അധികാരം കൊടുക്കണം. കേരളത്തിന് സമ്പത്ത് വരുന്ന എല്ലാ സ്രോതസു അവർ അടച്ചു. കെഎസ്ആർടിസിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ല. പെൻഷൻ പോലും കൊടുക്കാൻ പറ്റുന്നില്ല. കേന്ദ്രം കൊടുക്കുന്ന പണം എന്തിന് ചെലവഴിച്ചു എന്നതിന്റെ കണക്ക് പോലും കാണിക്കുന്നില്ല’- കൊല്ലം തുളസി പറഞ്ഞു.