അത്യന്തം കഠിനവും പൈശാചികവുമായിരുന്ന അടിച്ചമർത്തലിനെ വേരോടെ പിഴുതെറിയാൻ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങൾ ഇന്ത്യയുടെ മാതൃക പിന്തുടരണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. അക്കാലത്തെ ക്രിമിനൽ നടപടിക്രമ വ്യവസ്ഥയിലെയും ശിക്ഷാ നിയമത്തിലെയും ചൂഷണങ്ങളെ നശിപ്പിക്കാനായി പാർലമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്രമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
കൊളോണിയൽ നിയഭരണത്തിന്റെ പാരമ്പര്യം വഹിച്ച് കൊണ്ട് ഇനിയും ജീവിക്കുന്നത് വികസ്വര രാജ്യങ്ങൾക്ക് ഭാരമാണ്. ഗ്ലേബൽ സൗത്ത് രാജ്യങ്ങളും ഈ കൊളോണിയൽ ഭരണത്തിന് കീഴിൽ നിന്ന് മുക്തരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മാതൃക പിന്തുടരാനും അത് പ്രാവർത്തികമാക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പരമാധികാര രാഷ്‌ട്രങ്ങൾ എന്ന നിലയിൽ ജനങ്ങളെ മുൻവിധിയോടെ കാണുന്ന എല്ലാ കൊളോണിയൽ നിയമങ്ങളും അവലോകനം ചെയ്യുന്നതിനെക്കുറിച്ച് വികസ്വര രാജ്യങ്ങൾ പരിഗണിക്കണമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) നേതൃത്വത്തിൽ ഏഷ്യ, ആഫ്രിക്ക, പസഫിക് എന്നിവിടങ്ങളിലെ 70-ഓളം രാജ്യങ്ങളുടെ ആദ്യ പ്രാദേശിക സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ലീഗൽ ഫൗണ്ടേഷൻ, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, യുനിസെഫ് എന്നിവ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.















