പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് വഴിവെക്കുമെന്ന് നമുക്ക് അറിയാം. കാലങ്ങളായി പരിസ്ഥിതി പ്രവർത്തകർ പ്ലാസ്റ്റിക്കിന്റെ ദോഷത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അതൊന്നും വകവയ്‌ക്കാതെയാണ് ഇവ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഞെട്ടിപ്പിക്കുന്ന മറ്റൊരു മുന്നറിയിപ്പാണ് ഗവേഷകർ ഇപ്പോൾ പങ്കുവയ്‌ക്കുന്നത്.
പ്ലാസ്റ്റിക് കണികകൾ തലച്ചോറിലെത്തുമെന്ന കണ്ടെത്തലാണ് വിയന്നയിലുള്ള ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കണികകൾ അടങ്ങിയ വെള്ളം എലികൾക്ക് കുടിക്കാൻ നൽകുകയും തുടർന്ന് ഇവയിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും എലികളുടെ തലച്ചോറിൽ വെള്ളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് കണികകൾ പറ്റിപ്പിടിച്ചിരിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി.
പ്ലാസ്റ്റിക് കണികകൾ തലച്ചോറിൽ ഗരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാമെന്ന് വിയന്നയിലെ വിദഗ്ധ സംഘം അറിയിച്ചു. പാർക്കിൻസൺ രോഗം, മറവി രോഗം തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇത് വഴിവയ്‌ക്കുന്നു. ന്യൂറോളജിക്കൽ രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യത്തിന് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷക സംഘം അറിയിച്ചു.















