പത്തനംതിട്ട: ശുചിമുറിയിൽ നിന്നും വെള്ളമെടുത്ത് അയ്യപ്പ ഭക്തർക്കായുള്ള ഭക്ഷണം പാകം ചെയ്ത ഹോട്ടലിന് ആരോഗ്യ വകുപ്പിന്റെ പിടി വീണു. കഴിഞ്ഞ 13 ദിവസമായി വൃത്തിഹീനമായ ശുചിമുറിയിൽ നിന്ന് വെള്ളമെടുത്താണ് ഹോട്ടലിൽ ഭക്ഷണം പാചകം ചെയ്ത് ഭക്തൻമാർക്ക് നൽകിയത്. ഡിവൈഎഫ്ഐ എരുമേലി മേഖല സെക്രട്ടറി അബ്ദുൾ ഷെമീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച കട ആരോഗ്യ വകുപ്പ് അടപ്പിച്ചു. കട ഉടമയുടെ ലൈസൻസ് റദ്ദാക്കുകയും അബ്ദുൾ ഷെമീമിനെതിരെ കേസെടുക്കയും ചെയ്തു.
മൈതാനത്തിന് സമീപത്തായുള്ള ശുചിമുറി കോംപ്ലക്സിലെ തുറന്നിട്ട ശുചിമുറിയിലെ ക്ലോസറ്റിനു സമീപത്തെ ടാപ്പിൽ നിന്നായിരുന്നു ചായക്കടയിലേയ്ക്ക് ആവശ്യമായ വെള്ളമെടുത്തത്. സോഡാ നാരങ്ങ വെള്ളം മുതൽ ചായയും കാപ്പിയും വരെ ശുചിമുറിയിലെ വെള്ളത്തിൽ നിന്നെടുത്ത മലിന ജലത്തിലാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ പാത്രം കഴുകാൻ മാത്രമാണ് ഈ വെള്ളം ഉപയോഗിക്കുന്നതെന്നാണ് ഇയാളുടെ വാദം. എന്നാൽ ശുചിമുറിയിൽ എത്തുന്ന വെള്ളം സമീപത്തെ തോട്ടിൽ നിന്നാണ്.
വൃത്തിഹീനമായ ശുചിമുറിയിൽ നിന്ന് വെള്ളം എടുത്ത് ഉപയോഗിച്ചത് ഗൗരവമായ കുറ്റമായാണ് കാണുന്നതെന്നും റവന്യു വിജിലൻസ് സ്ക്വാഡ് പറഞ്ഞു. സംഭവത്തിൽ കടയുടമ ഷെമി കറുത്തേടത്തിന് എതിരെ റവന്യു വിജിലൻസ് സ്ക്വാഡും ആരോഗ്യ വകുപ്പും കേസ് എടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് സ്ക്വാഡ് ചാർജ് ഓഫിസർ ബിജു ജി. നായർ അറിയിച്ചു. ശുചിമുറിയിൽ നിന്ന് വെളളം നൽകിയ കരാറുകാരന് എതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യു വിജിലൻസ് അധികൃതർ പറഞ്ഞു.