ടെൽ അവീവ്: തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിർത്തൽ കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതൽ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേൽ ജയിലുകളിൽ തടവിൽ കഴിയുകയായിരുന്ന 30 പാലസ്തീൻകാരേയും വിട്ടയച്ചിട്ടുണ്ട്. 10 ഇസ്രായേലി പൗരന്മാരേയും രണ്ട് വിദേശ പൗരന്മാരേയുമാണ് ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.
റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ ഇസ്രായേൽ സൈന്യത്തിന് ഒപ്പമാണെന്ന് ഐഡിഎഫ് അറിയിച്ചു. ദിവസവും ഇസ്രായേൽ പൗരന്മാരായ 10 പേരെ വീതം വിട്ടയയ്‌ക്കുകയാണെങ്കിൽ വെടിനിർത്തൽ കരാർ നീട്ടാമെന്ന് ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്.
വെള്ളിയാഴ്ച വെടിനിർത്തൽ കരാർ ആരംഭിച്ചതിന് ശേഷം 81 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. ഇതിൽ 60 പേർ ഇസ്രായേൽ പൗരന്മാരും, 21 പേർ വിദേശികളുമാണ്. തായ് പൗരന്മാരാണ് വിട്ടയയ്‌ക്കപ്പെട്ട വിദേശികളിൽ ഭൂരിഭാഗവും. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 150 തടവുകാരെ ഇസ്രായേലും വിട്ടയച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടയിലും തങ്ങളുടെ സൈനികർക്ക് നേരെ വ്യവസ്ഥകൾ ലംഘിച്ച് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം ആരോപിച്ചു.
ഗാസയിൽ സ്ഥിതിഗതികൾ സമാധാനപരമായിരുന്നുവെന്നും, ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് സ്‌ഫോടനം ഉണ്ടായി. സൈനികർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സൈനികർ അതീവ ജാഗ്രതയിലാണെന്നും, ഏത് സമയത്തും പോരാട്ടം തുടരാൻ ഒരുക്കമാണെന്നും ഐഡിഎഫ് ലെഫ്.ജന.ഹെർസി ഹലേവി വ്യക്തമാക്കി.















