ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തിയതിൽ പ്രധാനമന്ത്രിക്കും രക്ഷാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ്. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഓസ്‌ട്രേലിയയിൽ നിന്നുമെത്തിയ പ്രൊഫ. അർണോൾഡ് ഡിക്‌സിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
” ഇത് മഹത്തായ ഒരു നേട്ടമാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റ് ഭരണാധികാരികൾക്കും അഭിനന്ദനങ്ങൾ. ഓസ്‌ട്രേലിയൻ പ്രൊഫസർ അർണോൾഡ് ഡിക്‌സ് രക്ഷാ പ്രവർത്തനത്തിന് മുഖ്യ പങ്ക് വഹിച്ചതിൽ അഭിമാനം തോന്നുന്നു.”- ആന്റണി ആൽബനിസ് കുറിച്ചു.
A wonderful achievement by Indian authorities. Proud that Australian Professor Arnold Dix played a role on the ground. 🇦🇺🇮🇳 https://t.co/RI1oSnaUkK
— Anthony Albanese (@AlboMP) November 28, 2023
“>
ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ഇന്ത്യൻ ഭരണാധികാരികളെ അഭിനന്ദിച്ച് രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്താണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണകൂടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
400 മണിക്കൂറുകളുടെ കഠിന പ്രയത്‌നങ്ങൾക്കും പ്രാർത്ഥനകൾക്കുമൊടുവിലാണ് തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചത്. ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെ പ്രധാനമന്ത്രി ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. എല്ലാ തൊഴിലാളികളും ഒരു മുറിയിൽ ഒത്തുചേർന്നാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.