”17 ദിവസങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ കടന്നു പോകുമ്പോഴും ഞങ്ങൾ 41 പേരും പരിഭ്രാന്തിതരായിരുന്നില്ല. അതിനുള്ളിൽ ഞങ്ങൾ സഹോദരങ്ങളെ പോലെയായിരുന്നു. ഒത്തൊരുമയോടെ ഓരോന്നും ചെയ്തു. എനിക്ക് യോഗ അറിയാമായിരുന്നു ഞാൻ അത് ദിനവും അഭ്യസിച്ചു. മറ്റുള്ളവർക്കും അത് പറഞ്ഞു കൊടുത്തു. ദിവസവും രാവിലെ ഞങ്ങൾ ടണലിലൂടെ രണ്ട് കിലോമീറ്റർ നടന്നു. ഭയപ്പെട്ടിട്ട് കാര്യമില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു”.
സിൽക്യാര ടണലിലെ രക്ഷാദൗത്യത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഫോൺ സംഭാക്ഷണത്തിൽ ടണലിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളി സബ അഹമ്മദിന്റെ വാക്കുകളാണിത്. പ്രഭാതത്തിൽ യോഗ അഭ്യസിച്ചിരുന്നത് ടണലിലെ അന്ധകാരത്തിന്റെ നടുവിലും മനക്കരുത്തോടെ നിൽക്കാൻ തൊഴിലാളികളെ സഹായിച്ചിരുന്നെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. 41 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിന് സബ അഹമ്മദ് പ്രധാനമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
400 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 41 തൊഴിലാളികളെയും ടണലിൽ നിന്നും സുരക്ഷിതരായി പുറത്തെത്തിച്ചത്. നവംബർ 12-നാണ് തൊഴിലാളികൾ ടണലിൽ അകപ്പെട്ടത്. 6 ഇഞ്ച് വലിപ്പമുള്ള കുഴലിലൂടെയായിരുന്നു തൊഴിലാളികൾക്ക് ആവശ്യമായ വെള്ളവും, മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നത്. രക്ഷാ ദൗത്യത്തിന് മുഖ്യ പങ്ക് വഹിച്ച ഓസ്ട്രേലിയൻ പ്രൊഫസർ അർണോൾഡ് ഡിക്സിനും കേന്ദ്രസർക്കാരിനും ഉത്തരാഖണ്ഡ് അധികൃതർക്കും രക്ഷപ്പെട്ടവർ നന്ദി അറിയിച്ചു.















