ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെയുള്ളവരുടെ കരാറാണ് ബിസിസിഐ നീട്ടിയത്. എന്നാൽ കരാർ കാലാവധി എത്രയെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഏകദിന ലോകകപ്പ് വരെയുള്ള കരാറാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ബിസിസിഐ അദ്ദേഹത്തെ വിശ്വസിക്കുന്നതും അടുത്ത ടി20 ലോകകപ്പിൽ ദ്രാവിഡ് തന്നെ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതും.
കരാർ നീട്ടിയതോടെ രാഹുൽ ദ്രാവിഡിന് മുന്നിലുള്ള ആദ്യ മത്സരം ദക്ഷിണാഫ്രിക്കൻ പര്യടനമാണ്. ഇതിൽ മൂന്ന് ടി 20കളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നു. സെഞ്ചൂറിയനിലും (ഡിസംബർ 26 മുതൽ), കേപ് ടൗണിലും (ജനുവരി 3 മുതൽ) രണ്ട് ടെസ്റ്റ് മത്സരങ്ങളും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുമാണ് രാഹുലിന് മുന്നിലുള്ള മറ്റ് കടമ്പകൾ.
ദ്രാവിഡിന്റെ പ്രൊഫഷണലിസവും പ്രയത്‌നങ്ങളുമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കാരണം. വെല്ലുവിളികൾ ഏറ്റെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിക്കുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.