വയനാട്: ഇന്ത്യൻ വനിതാ എ ടീം നായിക മിന്നു മണി നവകേരള സദസ്സിൽ പങ്കെടുത്തെന്ന വ്യാജേന വീഡിയോ പങ്കുവെച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി സിപിഎം. നവകേരള സദസിന്റെ ഭാഗമായി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോയിലാണ് മിന്നു മണിയെന്ന പേരിൽ മറ്റൊരാളുടെ വീഡിയോ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാത സദസിൽ മിന്നു മണി പങ്കെടുത്തു എന്ന രീതിയിലാണ് സൈബർ സഖാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്.
സിപിഎം പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ളത് കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സജ്‌ന സജീവനാണ്. മിന്നു മണി വയനാട്ടിൽ നടന്ന നവകേരള സദസിന്റെ ഭാഗമായിട്ടില്ലെന്നും ആ സമയത്ത് കൊച്ചിയിലെ പരിശീലന ക്യാമ്പിലായിരുന്നെന്നും മാതാപിതാക്കൾ ജനം ടിവിയോട് പ്രതികരിച്ചു. ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായ മിന്നു മണി നിലവിൽ ഇന്ത്യൻ ടീമിനൊപ്പം മുംബൈയിലാണ്.