കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് പ്രതികൾ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ മൂതല റൂട്ടിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിക്കൽ നിന്നും പാരിപ്പള്ളി ചടയമംഗലം ഭാഗത്തേക്കാണ് കാർ യാത്ര ചെയ്തത്. ഉച്ചയ്‌ക്ക് 2.31 ന് ഈ റൂട്ടിലൂടെ കാർ കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
27 നായിരുന്നു സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തിയിരുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലം പള്ളിക്കൽ മൂതല യിലാണ് കാർ എത്തിയതായി കണ്ടെത്തിയത്. വൈകുന്നേരം 3.27 നും 4.26 നുമാണ് ‘കെഎൽ 04 എഎഫ് 3239’ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്വിഫ്റ്റ് കാർ മുന്നിലയിൽ എത്തിയത്.ഓയൂരിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട നാലോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കുട്ടികൾ നിൽക്കുന്ന ഭാഗമെത്തുമ്പോൾ വാഹനം വേഗത കുറക്കുന്നതായാണ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതാണ് സംഘം മറ്റു കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായുള്ള സംശയത്തിൽ പോലീസിനെ എത്തിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പ്രതികൾ ഉപയോഗിച്ചിരുന്ന കാർ കണ്ടതായി പരവൂരിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. സംഭവം നടന്ന ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം കണ്ടത്. സംഭവത്തിന് തലേദിവസം വാടകയ്‌ക്ക് വീട് കിട്ടുമോ എന്ന് അന്വേഷിച്ച് അപരിചിതൻ എത്തിയതായും ഇവർ പറയുന്നു. രണ്ട് ദിവസത്തേക്കായാണ് അപരിചിതർ വാടക വീട് ആവശ്യപ്പെട്ടത്.3















