തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസംഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ നടി ഗായത്രി വർഷയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നായിരുന്നു നടിയുടെ പരാമർശം. ഇടതുപക്ഷത്തെ പുകഴ്‌ത്താനും മറ്റ് രാഷ്‌ട്രീയത്തെ ഇകഴ്‌ത്താനുമായി മണ്ടത്തരം പറഞ്ഞ ഗായത്രിയെ വിമർശിച്ച് ജനങ്ങളും രംഗത്തു വന്നിരുന്നു. ഇതിനിടെ ഗായത്രി വർഷയ്‌ക്ക് ഐക്യദാർഢ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മന്ത്രി വീണാ ജോർജ്ജ്.
‘സിനിമകളിലെയും സീരിയലിലെയും സാംസ്കാരിക പ്രതിനിധാനത്തിന്റെ രാഷ്‌ട്രീയം പറഞ്ഞ നടി ഗായത്രി വർഷയ്‌ക്ക് എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമാണ്. നരേന്ദ്ര മോദി സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള സഖ്യം സാംസ്കാരിക രംഗത്തെ എങ്ങനെ ഭരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗമാണ് ഈ സൈബർ ആക്രമണത്തിന് കാരണം’.
‘സാംസ്കാരിക വിമർശനത്തോടുള്ള ഇക്കൂട്ടരുടെ അസഹിഷ്ണുത സമകാലിക ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം സൈബർ ആക്രമണം കൊണ്ട് പുരോഗമന രാഷ്‌ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കൂടിയായ ഗായത്രി വർഷയ്‌ക്ക് എല്ലാവിധ ഐക്യദാർഢ്യവും’ നൽകുന്നുവെന്നാണ് വീണാ ജോർജ്ജിന്റെ പ്രതികരണം.