കോഴിക്കോട്: മത മൗലിക വാദികളുടെ നിരന്തരമായ ഭീഷണിയും അസഭ്യവർഷത്തിനുമെതിരെ പോലീസിൽ പരാതി നൽകി ജസ്ന സലിം. ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന. അസഭ്യം നടത്തിയതിന്റെ തെളിവുകൾ സഹിതമാണ് യുവതി കോഴിക്കോട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെയും ഇത്തരം സംഭവം ഉണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ഭീഷണി വന്നാലും വരയുടെ ലോകത്തു തുടരുമെന്നും ജസ്ന പറഞ്ഞു.
ഗുരുവായൂരിലെ ഉണ്ണിക്കണ്ണനോടുള്ള അചഞ്ചലമായ ഭക്തി, ജീവൻ തുടിക്കുന്ന ഒരുപാട് ശ്രീകൃഷ്ണ ചിത്രങ്ങൾ ജസ്ന സലീമിന്റെ വരയിലൂടെ പിറന്നിട്ടുണ്ട്. ഉണ്ണിക്കണ്ണനുള്ള കാണിക്ക ആയിരുന്നു അതെല്ലാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ എല്ലാം ഭേദിച്ചായിരുന്നു ജസ്ന സലിം വരച്ചിരുന്നത്. എന്നാൽ ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് ഭീഷണിയും അസഭ്യ വർഷവുമായി ജസ്നയെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും വരയുടെ ലോകത്തിലൂടെ മുന്നോട്ടു പോകുമെന്നും പൂർണ പിന്തുണയുമായി കുംടുംബം കൂടെയുണ്ടെന്നും ജസ്‌ന പറഞ്ഞു.