കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം രജിസ്‌ട്രേഷനുള്ള ഓട്ടോയാണ് പോലീസ് പിടികൂടിയത്. ഓട്ടോയിൽ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവം നടന്ന ദിവസം പാരിപ്പള്ളിയിലെ പെട്രോൾ പമ്പിലേക്ക് ഓട്ടോ കയറുന്നതിന്റെയും ഡീസൽ അടിക്കുന്നതിന്റെയും ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയെ കടത്തിയ സ്ത്രീകളിൽ ഒരാൾ നേഴ്‌സിംഗ് കെയർ ടേക്കറാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഈ യുവതിയുമായി പെൺകുട്ടിയുടെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുമായി ആദ്യം കാറിലും പിന്നീട് ഓട്ടോയിലുമാണ് പ്രതികൾ സഞ്ചരിച്ചത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് ഓടിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.