ബെംഗളൂരു: എംബിബിഎസ് ബിരുദദാന ചടങ്ങിനു ശേഷം താമസസ്ഥലത്തേക്ക് പോകും വഴി പാമ്പുകടിച്ചതിനെ തുടർന്ന് മലയാളി യുവ ഡോക്ടർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അദിത്ത് ബാലകൃഷ്ണൻ (21) ആണ് മരിച്ചത്. ബെംഗളൂരുവിലെ ശ്രീ സിദ്ദാർത്ഥ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു അദിത്ത്.
എംബിബിഎസ് ബിരുദദാന ചടങ്ങു കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. എന്നാൽ ഇക്കാര്യം തിരിച്ചറിയാതെ കുടുംബത്തോടൊപ്പം താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ബാത്ത്‌റൂമിൽ കയറിയ അദിത്ത് പുറത്തേക്ക് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അബോധാവസ്ഥയിൽ കുടുംബം കണ്ടെത്തിയത്. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതിന്റെ അടയാളം യുവാവിന്റെ കാലിൽ കണ്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തൃശൂരിലെ വീട്ടിൽ എത്തിക്കും.















