അരുണാചൽ പ്രദേശിന്റെ പ്രകൃതി ഭംഗിയേയും തനത് ഭക്ഷണരുചികളേയും വാനോളം പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം അരുണാചൽ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രഭാതസൂര്യന്റെ നാട്ടിലേക്ക് മടങ്ങാൻ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
“ഇന്ത്യ പ്രചോദിപ്പിക്കുന്നു” എന്ന ടാഗ് ലൈനോടെയാണ് എറിക് ഗാർസെറ്റി യാത്രാനുഭവം പങ്കുവെച്ചത്. “അരുണാചൽ പ്രദേശിന്റെ പ്രശസ്തമായ ആതിഥ്യമര്യാദയും അസാധാരണമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവും പാസിഘട്ടിലെ നല്ല സൗഹൃദവും ആസ്വദിച്ചു. അരുണാചൽ പ്രദേശിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രഭാത സൂര്യന്റെ നാട്ടിലേക്ക് മടങ്ങാൻ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന്” എറിക് ഗാർസെറ്റി എഴുതി.
കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ ‘ഹംപ് വേൾഡ് വാർ- 2 ‘ മ്യൂസിയം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പേമ ഖണ്ഡുവും യുഎസ് അംബാസിഡറും ചേർന്നാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവചിച്ചത്.
India inspires! Enjoyed some of #ArunachalPradesh’s famous hospitality and extraordinary scenery with delicious food and good company in Pasighat. So much to learn about in Arunachal Pradesh. Can’t wait to return to the “Land of the Dawn-lit Mountains.” #USIndiaTogether… pic.twitter.com/r6pVd47fLn
— U.S. Ambassador Eric Garcetti (@USAmbIndia) November 29, 2023
രണ്ടാം ലോകമഹായുദ്ധത്തിൽ അരുണാചലിൽ തകർന്ന അമേരിക്കൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനായാണ് ‘ഹംപ് വേൾഡ് വാർ II’ മ്യൂസിയം സജ്ജീകരിച്ചരിക്കുന്നത്. ലോകമഹായുദ്ധസമയത്ത്, കിഴക്കൻ ഹിമാലയത്തിന്റെ ഉയരം കാരണം ‘ദി ഹമ്പ്’ എന്നറിയപ്പെടുന്ന റൂട്ടിൽ ഹിമാലയത്തിന് മുകളിലൂടെ അമേരിക്ക വിമാനങ്ങൾ പറത്തിയിരുന്നു. അരുണാചൽ പ്രദേശ്, അസം, ടിബറ്റ്, യുനാൻ, മ്യാൻമർ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് ഹംപ് റൂട്ട്. ചില വിമാനങ്ങൾ ഇവിടെ വെച്ച് കാണാതായിരുന്നു. കാടുകളിലും മലകളിലും തകർന്ന് വീണ വീമാനങ്ങൾ പിന്നീട് കണ്ടെത്താൻ സാധിച്ചിരുന്നില്ല.















