റായ്പൂർ: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ രാത്രി 7 മണിയ്‌ക്കാണ് മത്സരം. റായ്പൂർ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര ടി-20 മത്സരമാണിത്. കഴിഞ്ഞ മത്സരത്തിലെ തോൽവി മറന്ന് പരമ്പരയാണ് സൂര്യകുമാറും സംഘവും ലക്ഷ്യമിടുന്നത്. അവസാന പന്തിൽ നേടിയ ജയത്തിലൂടെ പരമ്പരയിൽ സജീവമായി നിലനിൽക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടുനിൽക്കുകയാണ്.
വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഗ്ലെൻ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയ്‌ക്ക് തോൽവി സമ്മാനിച്ചത്. ഈ തോൽവിയുടെ ക്ഷീണം മാറ്റി പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിംഗിൽ ഇന്ത്യൻ താരങ്ങൾ തകർപ്പൻ ഫോമിലാണെങ്കിലും ബൗളിംഗ് നിരയിൽ ഇന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഗ്ലെൻ മാക്‌സ്വെൽ ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങൾ നാട്ടിലേക്ക് മടങ്ങിയത് ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കും. മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നീ സീനിയർ താരങ്ങളാണ് നാട്ടിലേക്ക് മടങ്ങിയത്.പക്ഷേ പരമ്പര നഷ്ടമാകാതിരിക്കാൻ മാത്യു വെയ്ഡിനും സംഘത്തിനും ഇത് ജീവൻ മരണ പോരാട്ടമാണ്.















