2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ലോകകിരീടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ലോകകപ്പ് ട്രോഫിയിൽ കാൽ കയറ്റി വച്ചിരിക്കുന്ന മിച്ചൽ മാർഷിന്റെ ചിത്രം വൈറലായിരുന്നു. ലോകകപ്പ് കിരീടത്തെ താരം അവഹേളിച്ചു എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾക്കും ഇത് വഴിവച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടാറാകുമ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിച്ചൽ മാർഷ്. വിമർശിക്കാൻ മാത്രം ആ ചിത്രത്തിൽ ഒന്നുമില്ലെന്നാണ് താരത്തിന്റെ വാദം.
ആ ചിത്രത്തിൽ അനാദരവായി തോന്നാൻ മാത്രം ഒന്നുമില്ല. അത്തരത്തിൽ ഞാൻ ചിന്തിച്ചിട്ടുമില്ല. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിച്ചെന്ന് ഞാനും കേട്ടു. പക്ഷേ ഞാൻ സമൂഹമാദ്ധ്യമങ്ങളിൽ ഒന്നുംതന്നെ ഇതിനെ പറ്റി അധികം കണ്ടില്ല. ഇതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലെ സെൻ റേഡിയോ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് മാർഷ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിൽ ഇനിയും ചെയ്യുമോ എന്ന ചോദ്യത്തിന് തനിക്കൊന്നും പറയാനില്ലെന്നാണ് താരം പറഞ്ഞത്.
ലോകകപ്പ് വിജയത്തിന് ശേഷം ടീമംഗങ്ങൾ ഡ്രസിംഗ് റൂമിൽ പരസ്പരം സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മുഹമ്മദ് ഷമി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധിയാളുകൾ മാർഷിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മാർഷിന്റെ ഈ പ്രവൃത്തി ലോകകപ്പിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം.