പട്‌ന: സ്‌കൂളിൽ നിന്നും അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപകനായ ഗൗതം കുമാറിനെയാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ മകളെ തന്നെയാണ് അദ്ധ്യാപകനെക്കൊണ്ട് വിവാഹം കഴിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളിൽ നിന്നും അദ്ധ്യാപകനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. തുടർന്ന് തോക്കുചൂണ്ടി സംഘാംഗത്തിന്റെ മകളായ ചാന്ദിനിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. വിവാഹം കഴിക്കാൻ വിസ്സമ്മതിച്ചതോടെ സംഘം മർദ്ദിച്ചതായും ഗൗതമിന്റെ പരാതിയിൽ പറയുന്നു. രാജേഷ് റായ് എന്ന വ്യക്തിയാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. പകഡ്‌വ വിവാഹ് എന്നാണ് ഇത്തരം വിവാഹങ്ങൾ അറിയപ്പെടുന്നത്. ബിഹാറിൽ ഇത്തരം വിവാഹങ്ങൾ നിരവധിയാണെന്ന് നാട്ടുകാർ പറഞ്ഞു. അദ്ധ്യാപകന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















