ബ്രഹ്‌മാണ്ഡ ചിത്രം സലാറിന്റെ ട്രെയിലർ പുറത്ത്. താരനിബിഡമായ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നുണ്ട്. തെലുങ്ക് ട്രെയിലർ പുറത്തിറങ്ങി ഒരുമണിക്കൂറിനകം 40 ലക്ഷം ആളുകളാണ് കണ്ടത്. പ്രഭാസും പൃഥ്വിരാജും ചിത്രത്തിൽ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവയ്‌ക്കുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ശ്രുതി ഹാസനാണ് ചിത്രത്തിൽനായികയായി എത്തുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ. അതുകൊണ്ട് തന്നെ ആരാധകർ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത രീതി പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. സലാറിന് ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും.