ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി ശേഖരണത്തിൽ വൻ വർദ്ധനവ്. 2023 നവംബർ മാസത്തെ കണക്കിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ധനമന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടു. 15 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തിന്റെ വാർഷിക ജിഎസ്ടി 1,67,929 കോടി രൂപയിലെത്തി. ഉത്സവകാലമായതിനാലാണ് വളർച്ചാ നിർക്ക് വർദ്ധിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശേഷിയെ സൂചിപ്പിക്കുന്നതാണ് ഈ വളർച്ചയെന്നും അവർ അഭിപ്രായപ്പെട്ടു.
2023 നവംബറിൽ നേടിയ ജിഎസ്ടിയുടെ മൊത്ത വരുമാനം 1,67,929 കോടി രൂപയാണ്. 30,420 കോടി രൂപ സിജിഎസ്ടി, 38,226 കോടി രൂപ എസ്ജിഎസ്ടി, 87,009 കോടി രൂപ ഐജിഎസ്ടി (ചരക്ക് ഇറക്കുമതി ചുങ്കമായ 39,198 കോടി ഉൾപ്പെടെ), 12,274 കോടി രൂപ സെസ് എന്നിവ ചേർത്താണ് കണക്ക്. ഈ മാസത്തിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു. ഇത് ആറാം തവണയാണ് ഈ സാമ്പത്തിക വർഷത്തിൽ മൊത്തം ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടന്നത്.















