ദുബായ്: കോപ്-28 ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രം ഇറ്റാലിയൻ പ്രധാനമന്ത്രി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. നല്ല സുഹൃത്ത് എന്ന അടികുറിപ്പോടെയാണ് ജോർജിയ മെലോണി ചിത്രം പങ്കുവെച്ചത്.
കോപ്-28 ഉച്ചകോടിയുടെ ഭാഗമായി ദുബായിലെത്തിയ പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, തുർക്കി പ്രസിഡന്റ് ആർടി എർദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥയെയും സുസ്ഥിരവികസനത്തെയും അടിസ്ഥാനമാക്കിയുള്ള നടപടികളാണ് COP-28 ഉച്ചകോടിയിൽ ചർച്ചയാകുന്നത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ ദുബായ് സന്ദർശനം. ഈ മാസം 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.