വയനാട്: കർഷകന്റെ വാഴകൾ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ. വാളാട് കർപ്പൂരവളപ്പിൽ സുനിയുടെ ഇരുന്നൂറോളം വാഴകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിവുപോലെ വാഴ തോട്ടത്തിലേക്ക് എത്തിയപ്പോഴായിരുന്നു സുനി തന്റെ തോട്ടത്തിൽ വാഴകൾ നശിച്ച് കിടക്കുന്നത് കാണുന്നത്.
മാസങ്ങൾക്ക് മുൻപ് നട്ടുവളർത്തിയ 600 വാഴകളിൽ ഇരുന്നൂറിലധികം വാഴകളാണ് കത്തികൊണ്ട് പകുതി അറുത്ത നിലയിൽ കണ്ടത്. ഇതിൽ പകുതിയിലേറെയും കുലക്കാറായ വാഴകൾ ആയിരുന്നു.
കർഷകനായ സുനി വായ്പ എടുത്താണ് കൃഷിയുമായി മുന്നോട്ടുപോകുന്നത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുനി തലപ്പുഴ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തലപ്പുഴ പോലീസ് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















