മുത്തശ്ശി സുബ്ബലക്ഷ്മിയുടെ ഓർമ്മകൾ പങ്കുവച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിക്കും മകൾക്കും അമ്മയ്‌ക്കും ഒപ്പം പകർത്തിയ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ശ്രദ്ധേയമാവുകയാണ്. എട്ട് മാസം മുൻപ് പകർത്തിയ വീഡിയോ അടക്കമാണ് പങ്കുവെച്ചിരിക്കുന്നത്.
എട്ട് മാസം മുൻപ് മുത്തശ്ശി തന്റെ മകളെ കളിപ്പിപ്പിക്കുന്ന വീഡിയോ ആണ് ആദ്യം എത്തുന്നത്. ശേഷം അസുഖ ബാധിതയായി വിശ്രമത്തിനിടെയുള്ള വീഡിയോ ആണ്. അസുഖം സുബ്ബലക്ഷ്മിയെ തളർത്തിയിട്ടുണ്ടെങ്കിലും കൊച്ചുമകളെ സന്തോഷത്തോടെ കളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. പതിനഞ്ച് ദിവസം മുൻപ് പകർത്തിയ വീഡിയോയും കൂട്ടത്തിലുണ്ട്.
നന്ദനം എന്ന സിനിമയിലൂടെയായിരുന്നു സുബ്ബലക്ഷ്മി അഭിനയരംഗത്തേയ്‌ക്ക് കടന്നു വന്നത്. ആദ്യ ചിത്രം മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട മുത്തശ്ശിയായി സുബലക്ഷ്മി മാറുകയായിരുന്നു. നടിയുടെ ചുറുചുറുപ്പും ചിരിയുമെല്ലാം മലയാളികൾക്ക് ഇഷ്ടമായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവുകളാണ് സൗഭാഗ്യ പങ്കുവെച്ച വീഡിയോ.
നന്ദനത്തിന് ശേഷം സുബലക്ഷ്മി അഭിനയിച്ച ശ്രദ്ധേയമായ ചിത്രം കല്യാണ രാമനായിരുന്നു. പിന്നീട് പാണ്ടിപ്പട, സിഐഡി മൂസ, രാപ്പകൽ, തിളക്കം തുടങ്ങി ഒട്ടനവധി സിനികളിൽ തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസം തുടങ്ങിയ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി ആലപിച്ച ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. മലയാളത്തിനുപുറമെ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് തുടങ്ങി ഒട്ടനവധി അന്യഭാഷകളിൽ തിളങ്ങാനും സുബ്ബലക്ഷ്മിക്ക് സാധിച്ചു.















