റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനമുണ്ടായത്. ബർസൂർ മേഖലയിലെ 195-ാം ബറ്റാലിയനിലെ സൈനികർക്കാണ് പരിക്കേറ്റത്. ബർസൂർ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാനർ പോസ്റ്റർ നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തുവെന്നും ചികിത്സയിലാണെന്നും ദന്തേവാഡ പോലീസ് അറിയിച്ചു. നവംബർ 27-ന് ദന്തേവാഡയിൽ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നു. നിർമ്മാണത്തിലിരുന്ന 14 വാഹനങ്ങളും യന്ത്രങ്ങളും ഭീകരർ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഭാൻസി പോലീസ് സ്റ്റേഷന് പരിധിയിൽ പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. നാല് പിക്കപ്പുകൾ, ജെസിബി, ക്രെയിൻ, ഒരു സിഫ്റ്റർ ട്രക്ക്, രണ്ട് വാട്ടർ ടാങ്കറുകൾ എന്നിവയാണ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ നശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.