മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 9 വർഷം തടവും, 80,000 രൂപ പിഴയും വിധിച്ചു. പന്തല്ലൂർ ചിറ്റത്തുപാറ സ്വദേശി മുനീറാണ് പിടിയിലായത്. പിഴയടക്കുന്നതിനൊപ്പം 50,000 രൂപയും ഇരയ്‌ക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഇയാൾ നിരന്തരം ഫോണിൽ സന്ദേശങ്ങൾ അയക്കുകയും പെൺകുട്ടിയെ പിന്തുടരുകയും ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം വാങ്ങി തരാമെന്ന വ്യാജേന ഇയാൾ പെൺകുട്ടിയെ വാനിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു. സംഭവത്തിൽ നാല് വകുപ്പുകളിലായി ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 1 വർഷം അധിക തടവിനും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കവിത ഹാജറായി.