പ്രമേഹം എന്നത് സാധാരണയായി എല്ലാവരിലും കാണുന്ന രോഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളാണ് അമിത ദാഹം, ക്ഷീണം, ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം. എന്നാൽ ചർമ്മത്തിൽ കാണുന്ന പല വ്യത്യാസങ്ങളും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണെന്ന് പലർക്കും അറിയില്ല.
അകാന്തോസിസ് നൈഗ്രിക്കൻസ് എന്നത് ഒരു ചർമ്മരോഗാവസ്ഥയാണ് സാധാരണയായി ഇത് പ്രമേഹരോഗികളിലാണ് കാണപ്പെടുക. ഇരുണ്ടതും കട്ടിയുള്ളതും വെൽവെറ്റ് പാച്ചുകളുള്ളതുമായ ഒരു ചർമ്മ അവസ്ഥയാണിത്. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ മടക്കുകളുള്ള ശരീര ഭാഗങ്ങളിലാണ് ഇത് കാണപ്പെടുക. രക്തത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.
ചർമ്മത്തിൽ കാണുന്ന മറ്റൊരു മാറ്റമാണ് എറപ്റ്റീവ് സാന്തോമസ്. ത്വക്കിൽ ഉണ്ടാകുന്ന ചെറിയ മഞ്ഞ- ചുവപ്പ് നിറത്തോടു കൂടിയ മുഴകൾ അല്ലെങ്കിൽ മുറിവുകളാണിത്. ഉയർന്ന പ്രമേഹമുണ്ടാകുമ്പോഴാണ് ഇത് രൂപപ്പെടുക. പലപ്പോഴും ഇവയ്‌ക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും.
കണ്ണുകൾക്കടിയിൽ കാണപ്പെടുന്ന മഞ്ഞ നിറം കലർന്ന കൊഴുപ്പാണ് സാന്തെലാസ്മ. പ്രമേഹമുള്ളവരിലാണ് സാധാരണയായി ഇത് കണ്ട് വരുന്നത്. മറ്റൊരു ചർമ്മ രോഗാവസ്ഥയാണ് ത്വക്കിൽ കാണപ്പെടുന്ന പാടുകൾ. ഇളം തവിട്ട് നിറത്തിൽ വൃത്താകൃതിയിലോ ഓവൽ രൂപത്തിലോ ഇത് കാണപ്പെടാം. കൈകാലുകളിൽ കാണപ്പെടുന്ന കുമിളകളും പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം. അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണ് ഈ ചർമ്മരോഗം. ഈ കുമിളകൾ വേദനയില്ലാത്തതാണ്. കൈകൾ, കാലുകൾ, കൈത്തണ്ടകൾ എന്നിവടങ്ങളിലാണ് ഇത് ഉണ്ടാവുക. ഇവ സാവധാനം സുഖപ്പെടുകയും പാടുകൾ അവശേഷിക്കുകയും ചെയ്യും.
വിരലുകളിലും കാൽവിരലുകളിലും ചർമ്മം കട്ടിയാകുകയും മുറുക്കുകയും ചെയ്യുന്ന ഒരു ചർമ്മ അവസ്ഥയാണ് ഡിജിറ്റൽ സ്‌ക്ലിറോസിസ്.ഇതു വഴി വിരലുകളും കാൽവിരലുകളും വളയ്‌ക്കുവാനും നിവർത്തുവാനും ബുദ്ധിമുട്ട് ഉണ്ടാകും. ടൈപ്പ് 1 പ്രമേഹമുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
പ്രമേഹമുള്ളവർക്ക് ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് പലപ്പോഴും മുറിവുകൾ സാവധാനം ഉണങ്ങുന്നതിന് കാരണമാവും.















