തിരുവനന്തപുരം: സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിധേയമാക്കണമെന്നാണ് എക്സൈസിന്റെ നിർദ്ദേശം. ഇങ്ങനെ എത്തിക്കുന്ന മദ്യത്തിന് തീരുവ ചുമത്തി സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാമെന്നാണ് ശുപാർശ.
ഭരണപരിഷ്കരണ വകുപ്പ് അഡീഷനൽ സെക്രട്ടറി ആർ.ആനന്ദവല്ലിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. നിലവിൽ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് ജയിൽശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
കന്നുകാലികളിൽ കൃത്രിമമായി ഗർഭാശയത്തിൽ ബീജം നിക്ഷേപിക്കുന്നതിന് ക്ഷീര കർഷകർക്ക് അനുവദിച്ചിരുന്ന സൗജന്യവും സർക്കാർ നിർത്തലാക്കി. കന്നുകാലി ഒന്നിന് 25 രൂപ വീതം കർഷകരിൽ നിന്ന് ഈടാക്കാൻ മൃഗസംരംക്ഷണ വകുപ്പ് തീരുമാനിച്ചു. പശു, എരുമ, ആട് തുടങ്ങിയവയടക്കം കന്നുകാലികൾക്ക് കൃത്രിമ ബീജ സങ്കലനത്തിന്റെ സ്‌ട്രോ ഒന്നിന് 25 രൂപ വീതം ഈടാക്കാനാണ് പദ്ധതി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് സൗജന്യം നിർത്തലാക്കിയത്.















