മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പെല്ലിശ്ശേരി ചിത്രത്തിൽ മോഹൻലാൽ എത്തുന്നു എന്നതിനാൽ ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. വ്യത്യസ്തമായ മേക്കോവറിലൂടെയാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അതുപോലെ തന്നെ വ്യത്യസ്തമായ കഥയായിരിക്കും ലിജോ ജോസ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ചിത്രത്തിന്റെ ടീസർ ഈ മാസം ആറിന് റീലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് ടീസർ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 2024 ജനുവരി 25-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. ഹരീഷ് പേരടി, മണിക്ഠൻ ആചാരി, രാജീവ് പിള്ള, സൊനാലി കുൽക്കർണി തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.















