എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ വിജയം ആഘോഷിക്കാൻ വൻ ഒരുക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് ഇന്ന് രാവിലെ കാണാൻ സാധിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും വിജയം കൈവരിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. പ്രവർത്തകർ വാദ്യമേളങ്ങളുമായി പാർട്ടി ദേശീയ കാര്യലയത്തിൽ തടിച്ചുകൂടി. പാർട്ടിയുടെ വിജയം ആഘോഷിക്കാൻ 200 കിലോ ലഡ്ഡുവാണ് എഐസിസി ഓഫീസിൽ എത്തിച്ചത്.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ് നിഗമനങ്ങൾ ശരിവെയ്‌ക്കുന്ന തരത്തിലായിരുന്നു ലീഡ് നില. ചെറിയ മുന്നേറ്റ പ്രതീതി ആദ്യ ഫലസൂചനകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചു. അതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും അണപൊട്ടി. വിതരണത്തിനായി എത്തിച്ച 200 കിലോ ലഡ്ഡുവിന്റെ കഥ പ്രവർത്തകർ മാദ്ധ്യമങ്ങോട് വിളമ്പി.
എന്നാൽ പൊടുന്നനെയാണ് ലീഡ് നില മാറി മറഞ്ഞിത്. മദ്ധ്യപ്രദേശിൽ വ്യക്തമായ ലീഡോടെ ബിജെപി മുന്നേറി. രാജസ്ഥാനിലും ലീഡ് 100 ലേക്ക് കടന്നു. ഛത്തീസ്ഗഡിൽ പ്രവചനങ്ങളെ അട്ടിമറിച്ച് ബിജെപി കുതിച്ചു. തെലങ്കാനയിൽ മാത്രം കോൺഗ്രസ് നേട്ടമുണ്ടാക്കി. എന്നാൽ ഇത് ദേശീയ ആസ്ഥാനത്തെ ആനന്ദത്തിലാക്കാൻ പോന്നതായിരുന്നില്ല. ഇതോടെ പാർട്ടി ആസ്ഥാനം ഒഴിഞ്ഞു. ആഘോഷിക്കാൻ എത്തിയ പ്രവർത്തകർ പിരിഞ്ഞു. വാർത്തകളിൽ നിറഞ്ഞ 200 കിലോ ലഡ്ഡു എന്തുചെയ്യും എന്ന ആശങ്കയിലാണ് എഐസിസി ആസ്ഥാനത്ത് അവശേഷിക്കുന്നവർ.