പത്തനംതിട്ട: രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡും തപാൽ മുദ്രയുമുള്ളത് ആർക്കൊക്കെയാണെന്നറിയോ..രാഷ്‌ട്രപതിക്കും നമ്മുടെ സ്വന്തം അയ്യപ്പസ്വാമിക്കും. സ്വന്തമായി പിൻകോഡും സീലും ഉള്ള അയ്യന്റെ സ്വന്തം പോസ്റ്റ് ഓഫീസിന്റെ വിശേഷങ്ങൾ അറിയാം…
നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ‘689713’ എന്നതാണ് സന്നിധാനത്തെ തപാൽ ഓഫീസിന്റെ പിൻ കോഡ്. എല്ലായിടത്തും പ്രദേശത്തിനണല്ലോ പിൻകോഡ് ഇവിടെ സ്വാമിയുടെ പേരിലാണ് പിൻകോഡ്. പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ആലേഖനം ചെയ്തതാണ് ഇവിടെത്തെ സീൽ. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല. മാത്രമല്ല ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകുകയും ചെയ്യും.
ശബരിമല മണ്ഡല- മകരവിളക്ക് കാലത്തും വിഷുക്കാലത്തുമാണ് തുറന്നു പ്രവർത്തിക്കുക. ഈ സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയച്ചു നൽകാൻ ഭക്തർ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നത് പതിവാണ്. ഈ പോസ്റ്റ് ഓഫീസ് ശബരിമലയിൽ സേവനം തുടങ്ങിയത് 1963 ലാണ്. ഒരു പോസ്റ്റ് മാസ്റ്ററും 4 പോസ്റ്റ് മാനും ഇവിടെ ഉണ്ട്. മാളികപ്പുറം ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ഇത് പ്രവർത്തിക്കുന്നത്. അയ്യപ്പന്റെ ചിത്രം പതിപ്പിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്‌ക്കുന്നതോടെ റാന്നിയിലെ പോസ്റ്റൽ ഇൻസ്പെക്ടറുടെ ഓഫീസിലാണ് അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്.
അയ്യപ്പസ്വാമിയെ വ്യക്തിയായി കണക്കാക്കി വിവാഹം ക്ഷണിക്കുന്നവരും പാലുകാച്ചിന് ക്ഷണിക്കുന്നവരുമുണ്ടെന്ന് ശബരിമല അയ്യന്റെ നിലവിലെ പോസ്റ്റ്മാസ്റ്റർ അയ്യപ്പൻ പറഞ്ഞു. രോഗം മാറാൻ പ്രാർത്ഥിച്ച് കൊണ്ടുള്ള കത്തുകളും ലഭിക്കാറുണ്ട്. ബിസിനസ്സിന്റെ ലാഭനഷ്ടക്കണക്കുക്കൾ അയ്യപ്പസ്വാമിയോട് പങ്കുവെച്ച് കൊണ്ടുള്ള കത്തുകളും വരാറുണ്ട്. അയ്യപ്പ സ്വാമിയെ ഷെയർ ഹോൾഡർ ആക്കി ബിസിനസ് ചെയ്യുവരും കണക്കുകൾ കത്തുകളിലൂടെ അറിയിക്കാറുണ്ടെന്ന് പോസ്റ്റ് മാസറ്റർ പറഞ്ഞു.
അയ്യപ്പന്റെ പേരു വെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ചു ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. അയ്യപ്പ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്‌ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനത്തെ തപാൽ ഓഫീസിലേക്കെത്തുന്നത്. പോസ്റ്റൽ സേവനങ്ങൾക്കു പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭക്തർക്ക് അയ്യപ്പസ്വാമിയുടെ പ്രസാദവും ഇവിടെ നിന്ന് അയച്ച് കൊടുക്കാറുണ്ട്.