ചായ പലർക്കും ഒരു വികാരമാണ്. ഒരു ദിവസം നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം ഉന്മേഷക്കുറവും നമ്മിൽ അനുഭവപ്പെടും. ചായപ്രേമികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ട ഭാരതം തേയില ഉത്പാദനത്തിൽ മുൻ വർഷങ്ങളെക്കാൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ തേയില ഉത്പാദനം കഴിഞ്ഞ വർഷങ്ങളെക്കാൾ 12.06 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. ഈ വർഷം 182.84 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്. അസാമാണ് തേയില ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. രാജ്യത്തിൽ ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ അസം കഴിഞ്ഞ മാസത്തെക്കാൾ 104.26 ദശലക്ഷം കിലോഗ്രാമാണ് ഇപ്രാവശ്യം ഉത്പാദിപ്പിച്ചിരിക്കുന്നത്. 2022-ൽ ഇത് 90.72 ദശലക്ഷം കിലോയായിരുന്നു. ഗ്രീൻ ടീ ഉത്പാദനവും രാജ്യത്തിൽ വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. 2022-ൽ 78.19 ദശലക്ഷത്തിൽ നിന്നും 2023-ൽ 95.24 ദശലക്ഷം കിലോഗ്രാമാണ് രാജ്യത്തുടനീളം ഗ്രീൻ ടീക്കായുള്ള തേയില ഉത്പാദിപ്പിച്ചിരിക്കുന്നത്.