സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിയ്‌ക്ക് ബിജെപിയുടെ കടന്നു വരവോട് കൂടി അന്ത്യം കുറിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാന ലംഘനമാണ് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാർട്ടികൾ നടത്തുന്നത്. എന്നാൽ, ബിജെപി ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളൊക്കെ നടത്തുന്നതിനാലാണ് വീണ്ടും ഭരണം ലഭിക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വ്യക്തിയ്‌ക്കായാലും സംഘടനയ്‌ക്കായാലും പ്രാഥമികമായി ഉണ്ടാകേണ്ട ഗുണമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം. ബിജെപിയും മറ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിൽ ഒന്നാണ് ഇത്. ഭരണം കിട്ടാൻ ഒന്ന് പറയുക ഭരണം കിട്ടിയ ശേഷം പറഞ്ഞതെല്ലാം വിഴുങ്ങി നെറികേട് കാണിക്കുക എന്ന സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപിയാണ്. വാഗ്ദാന ലംഘനം കണ്ട് മടുത്ത ജനങ്ങൾക്ക് ബിജെപി പുതിയ അനുഭവമാണ് നൽകിയത്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച ആദർശം ഇവയ്‌ക്കൊക്കെ വേണ്ടി അധികാരം വിട്ടൊഴിയാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വലിയ മാർജിനിൽ ബിജെപിയുടെ ഭരണ തുടർച്ചകൾ ഉണ്ടാകുന്നതും ബിജെപിയെ പുറത്താക്കാൻ എതിരാളികൾക്ക് സകല കുതന്ത്രങ്ങളും സ്വീകരിക്കേണ്ടി വരുന്നതും.
അധികാരത്തിന് വേണ്ടി അണികളെ പറ്റിക്കുന്ന ഇരട്ടത്താപ്പും ആത്മവഞ്ചനയും നാളിത് വരെ ബിജെപി കാണിച്ചിട്ടില്ല. കാരണം രാഷ്‌ട്രം ആദ്യം രാഷ്‌ട്രീയം പിന്നീട് എന്നതാണ് ബിജെപിയുടെ എക്കാലത്തെയും മുദ്രാവാക്യം. ബിജെപിയെക്കാൾ ആൾബലവും ധനബലവും ഒക്കെ ഉണ്ടായിരുന്ന പല പ്രസ്ഥാനങ്ങളും ഉപ്പ് വച്ച കലം പോലെ ആയതിന് കാരണം ഈ ഇരട്ടത്താപ്പ് മാത്രമാണ്. ജനവഞ്ചന അവസാനിപ്പിക്കാതെ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കില്ല എന്ന് മറ്റുള്ളവർ തിരിച്ചറിയണം. ബിജെപിയെ പിന്തുണച്ച എല്ലാവർക്കും നന്ദി.















