മിർസാപൂർ : ആരോരുമില്ലാത്തവന് ഈശ്വരൻ പല രൂപത്തിൽ തുണയായി എത്താറുണ്ട് . വിശന്ന് വലഞ്ഞ 8 വയസുകാരന് മുന്നിൽ ഈശ്വരൻ എത്തിയത് പോലീസിന്റെ വേഷത്തിലാണെന്ന് മാത്രം .
ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഏവരുടെയും കരളലിയിക്കുന്ന സംഭവം. മൂന്ന് ദിവസമായി പട്ടിണിയിലായ സുദാമ എന്ന ബാലനാണ് വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ സഹായമഭ്യർത്ഥിച്ച് പോലീസിന് മുന്നിലെത്തിയത് . ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടി തെരുവിലേയ്‌ക്ക് ഇറങ്ങിയതെങ്കിലും ആരിൽ നിന്നും സഹായം ലഭിക്കാതെ വന്നതോടെ നിരാശനായി .തുടർന്നാണ് പോലീസിനെ സമീപിച്ചത് . പട്ടിണികിടക്കുന്ന അമ്മയ്‌ക്കും അവനും അതിജീവനത്തിന്റെ താങ്ങായി പോലീസുകാർ മാറി.
മിർസാപൂരിലെ ഇമാലിയ ചട്ടിയുടെ ഔട്ട്‌പോസ്റ്റ് ഇൻചാർജായ ദിലീപ് ഗുപ്തയ്‌ക്ക് സമീപത്തേയ്‌ക്കാണ് സഹായം തേടി സുദാമ എത്തിയത് . പോലീസ് പോസ്റ്റിൽ എത്തിയ ഉടൻ, കുട്ടി പൊട്ടികരയാൻ തുടങ്ങി. കരച്ചിൽ കണ്ടാണ് ദിലീപ് ഗുപ്ത വിവരങ്ങൾ തിരക്കിയത്.
താനും രോഗിയായ അമ്മയും മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല . ആരും തന്നെ സഹായിക്കുന്നില്ല, അമ്മയ്‌ക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ കുറച്ച് പണം തരൂ – ഇതായിരുന്നു ആ എട്ട് വയസുകാരന്റെ വാക്കുകൾ . തുടർന്ന് പോലീസുകാർ അടുത്തുള്ള കടയിൽ നിന്ന് കുറച്ച് ഭക്ഷണം ഓർഡർ ചെയ്ത് കുട്ടിക്ക് നൽകി. പിന്നീട് അവനേയും കൂട്ടി അമ്മയെ കാണാൻ എത്തി .
ഭർത്താവ് മരിച്ചു പോയതാണെന്നും, താൻ ജോലിചെയ്താണ് മകനെ നോക്കിയിരുന്നതെന്നും യുവതി പറഞ്ഞു . എന്നാൽ സുഖമില്ലാത്തതിനാൽ കുറച്ച് ദിവസങ്ങളായി ജോലിയ്‌ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല . ആകെയുണ്ടായിരുന്ന വീടും തകർന്ന അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു.
തുടർന്ന് ദിലീപ് ഗുപ്തയുടെ നേതൃത്വത്തിൽ ഇരുവർക്കുമുള്ള ഭക്ഷണസാധനങ്ങളും പുതപ്പുകളും വസ്ത്രങ്ങളും വാങ്ങി നൽകി . തുടർന്ന് സഹായിക്കാമെന്നും ഉറപ്പുനൽകി. ഭക്ഷണത്തിനും താമസത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അധികൃതരുമായി സംസാരിച്ച് വീടും ഇവർക്ക് ഉറപ്പാക്കുമെന്ന് ദിലീപ് ഗുപ്ത പറഞ്ഞു.















