ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുലയ്‌ക്ക് അന്തിമരൂപം നൽകാൻ ഇൻഡി സഖ്യം മറ്റന്നാൾ യോഗം ചേരും. നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിലും ബിജെപി വൻ വിജയം നേടിയിരുന്നു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നാണ് പ്രതിപക്ഷ സഖ്യത്തിലെ മറ്റ് കക്ഷികളുടെ വിലയിരുത്തൽ.
കോൺഗ്രസ് ഈ സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞത് മുൻനിർത്തിക്കൊണ്ട് പ്രാദേശിക കക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോർമുല നടപ്പാക്കുന്നത് പ്രതിപക്ഷ കക്ഷികൾ നീട്ടിവച്ചിരുന്നു. തെലങ്കാനയിൽ വിജയിച്ചെങ്കിലും പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടി നൽകുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.
ബിജെപി വിരുദ്ധ വോട്ടുകളെ ഒരു കുടക്കീഴിൽ അണിനിരത്തണമെങ്കിൽ നേരത്തെ തന്നെ സീറ്റ് വിഭജനത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് സഖ്യകക്ഷികളുടെ പ്രധാന ആവശ്യം. മുന്നണിയിലെ മറ്റ് പാർട്ടികളെ തഴയുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും, ഇൻഡി സഖ്യം ശക്തിപ്പെടുത്തണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജെഡിയുവും എൻസിപിയും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിലും അധികം സീറ്റുകൾക്കായി മറ്റ് സഖ്യകക്ഷികൾ സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് വിവരം.















