കോട്ടയം: പള്ളിക്കത്തോടിൽ ജിമ്മിൽ അതിക്രമിച്ചു കയറി പരിശീലകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അച്ഛനും മക്കളും റിമാൻഡിൽ. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിൻ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പള്ളിക്കത്തോട് ബസ് സ്റ്റാൻഡിന് സമീപമുള്ള ജിമ്മിൽ അച്ഛനും മക്കളും അതിക്രമിച്ച് കയറി പരിശീലകനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. ജിമ്മിലെ പരിശീലകനോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പരിശീലകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സഞ്ജയ് നേരത്തെയും ക്രിമിനൽ കേസിൽ പ്രതിയാണ്. ഇയാൾക്കെതിരെ നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.















