യാത്രകൾ പലപ്പോഴും നമുക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരാനും മനസിനും ശരീരത്തിനും ഉന്മേഷം പകരാനും സഹായിക്കുന്നു. യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ അവധിക്കാലം ഈ സ്ഥലങ്ങൾക്കൊപ്പം ആഘോഷിക്കാം. വേഗം ബാഗ് പാക്ക് ചെയ്യാൻ തയ്യാറായിക്കോളൂ, ഇന്ത്യയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഇവയാണ്..
ഗോകർണം

കർണാടകയിലെ ഗോകർണം യാത്രാപ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഇടമാണ്. അതിമനോഹരമായ കടൽത്തീരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവയ്‌ക്കും ശാന്തമായ അന്തരീക്ഷത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഗോകർണം ഈ അവധിക്കാലം സുന്ദരമാക്കാൻ നിങ്ങളെ സഹായിക്കുന്നു.
ഹംപി

കർണാടകയിലെ തന്നെ മറ്റൊരു സ്ഥലമാണ് ഹംപി. സാംസ്‌കാരികവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു സ്ഥലമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ നമുക്ക് ഇവിടെ കാണാം.
ഗണ്ടിക്കോട്ട

ഇന്ത്യയിലെ ഗ്രാൻഡ് കാന്യോൺ എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ ഗണ്ടിക്കോട്ട നിങ്ങളെ സ്വാഗതം ചെയ്യുന്നു. പുരാതന കാലത്തെ കോട്ടകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ എത്തിയാൽ ചരിത്രത്തിന്റെ ശേഷിപ്പുകൾ കണ്ട് നിങ്ങളുടെ യാത്ര സുന്ദരമാക്കാം.
പാടാൻ

സമ്പന്നമായ പൈതൃകത്തിനും അതിമനോഹരമായ കരകൗശല വസ്തുക്കൾക്കും പേരുകേട്ട സ്ഥലമാണ് ഗുജറാത്തിലെ പാടാൻ. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ റാണി കി വാവ് എന്ന ചരിത്ര നിർമ്മിതിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.















